•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

ഒരു കാറ്റുപോലെ

ണ്ണു തുടച്ചുകൊണ്ടാണ് അന്നാമ്മ മുറിയിലേക്കു വന്നത്.
''എന്നതാടീ അവിടെയൊരു ബഹളം കേട്ടത്. സനു എന്നതാ പറയുന്നെ?'' ജോസഫ് കട്ടിലില്‍ കിടന്നുകൊണ്ടു ചോദിച്ചു.
''ഒന്നുമില്ല...'' മറുപടി പറയുമ്പോള്‍ അന്നാമ്മയുടെ സ്വരത്തിന് ഇടര്‍ച്ചയുണ്ടായിരുന്നു. അന്നാമ്മ കട്ടിലില്‍ ചെന്നിരുന്നു.
''നീ കരയുവാണോ...'' ജനല്‍ക്കമ്പിയില്‍ പിടിച്ച് ജോസഫ് കട്ടിലില്‍ എണീറ്റിരുന്നു.
''അതിനു മാത്രം എന്നതാ സംഭവിച്ചെ?'' അയാള്‍ ആകുലപ്പെട്ടു. അന്നാമ്മ അപ്പോഴും ഒന്നും പറഞ്ഞില്ല. സനലിന്റെ ദേഷ്യപ്പെട്ട മുഖം അവരുടെ മനസ്സില്‍നിന്നു മാഞ്ഞില്ല. അവന്റെ ദേഷ്യത്തോടെയുള്ള വാക്കുകള്‍ കാതുകളില്‍നിന്ന്  ഒഴിവായിപ്പോയുമില്ല.
''എടീ എന്നതാന്ന്...'' ജോസഫിന്റെ സ്വരം ഉയര്‍ന്നു.
''ഒന്നുമില്ല...'' ഭര്‍ത്താവിനെക്കൂടി വിഷമിപ്പിക്കണ്ടാ എന്നു വിചാരിച്ച് അന്നാമ്മ അങ്ങനെയാണു പറഞ്ഞത്.
''ഒന്നുമില്ലാഞ്ഞിട്ടാണോ നീയിരുന്നു കരയുന്നെ?'' ജോസഫിനു ദേഷ്യം വന്നു.
സനലിന്റെ ഉയര്‍ന്ന സ്വരം അയാള്‍ കേട്ടിരുന്നു. ബെഞ്ചമിന്റെ കരച്ചിലും. എന്നാല്‍ അവയെല്ലാം തമ്മില്‍ എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്ന് അയാള്‍ക്കു മനസ്സിലായിരുന്നില്ല.
''കാര്യം പറയെടീ.'' അതു പറയുമ്പോള്‍ ജോസഫ് ആ പഴയ ഭര്‍ത്താവായി. യൗവനയുക്തനായ ഭര്‍ത്താവ്... ഭാര്യയുടെ കണ്ണീരിനു കാരണം തിരക്കുന്ന സ്നേഹവാനായ ഭര്‍ത്താവ്.
''നമ്മള് കാരണം അവന്റെ ജീവിതം നശിച്ചെന്ന്... അവനെ മണ്ണിനും ചുണ്ണാമ്പിനും കൊള്ളാത്തവനാക്കിയെന്ന്.''
അന്നാമ്മ വിങ്ങിപ്പൊട്ടി.
''പറ, നമ്മള് അവനെ ഒന്നിനും കൊള്ളാത്തവനാക്കിയോ. നമ്മള് കാരണമാണോ അവന്റെ ജീവിതം നശിച്ചത്. ശരിയാ ആറ്റുനോറ്റുണ്ടായ കൊച്ചാ. നേര്‍ച്ചകാഴ്ചകള്‍ എത്രയാ നടത്തിയെ. പ്രാര്‍ത്ഥിച്ചതിന് മടുപ്പു തോന്നിയിട്ടുണ്ടോ? ഇല്ല. അവസാനം ദൈവം കനിഞ്ഞനുഗ്രഹിച്ചു. തലയില്‍ വച്ചാ പേനരിക്കും താഴെ വച്ചാ ഉറുമ്പരിക്കും. അങ്ങനെയാ വളര്‍ത്തിക്കൊണ്ടുവന്നെ. അതൊക്കെ തെറ്റാ? എന്നിട്ടിപ്പോ അവന്‍ പറഞ്ഞതുകേട്ടില്ലേ.''
ജോസഫും അതേക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഒരു രാജകുമാരനെപ്പോലെയാണ് സനലിനെ വളര്‍ത്തിക്കൊണ്ടുവന്നത്.  വീട്ടിലേക്കുള്ള ഒരു കിലോ ഉപ്പുപോലും വാങ്ങാന്‍ അവനെ കടയിലേക്ക് അയച്ചില്ല. മറ്റു കുട്ടികള്‍ കളിച്ചുനടക്കുമ്പോള്‍ വഴിതെറ്റും ചീത്തയായിപ്പോകും എന്നു പേടിച്ച് അവരുടെകൂടെ അയയ്ക്കാറില്ലായിരുന്നു. പഠിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ മാത്രം മതിയെന്നായിരുന്നു ഒരേയൊരു നിബന്ധന. എല്ലാകാര്യങ്ങളും അവനുവേണ്ടി ചെയ്തുകൊടുത്തു. എന്നും മനസ്സില്‍ അവന്‍ ആ പഴയ കുട്ടിയായിരുന്നു. പിച്ചവച്ചു നടക്കുന്ന പ്രായത്തിലുള്ള കുട്ടി. കഴിക്കുന്ന പാത്രംപോലും അവനെക്കൊണ്ടു കഴുകിച്ചിട്ടില്ല. മുഷിഞ്ഞ വസ്ത്രങ്ങളുടെ കൂട്ടത്തില്‍ അടിവസ്ത്രംവരെ ഉപേക്ഷിച്ചുപോകുന്ന രീതിക്ക് മുതിര്‍ന്നിട്ടും മാറ്റമുണ്ടായില്ല.  എന്നും അവന്‍ കുട്ടിയായിരുന്നു.  ആ കുട്ടി വളര്‍ച്ചയെത്തിയെന്നു മനസ്സിലായത് അവന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞപ്പോഴായിരുന്നു. അവന്റെ ഇഷ്ടത്തിനെ തിരേ ഒന്നും പറയാത്തതുകൊണ്ട്  കൂടുതല്‍ നല്ല ആലോചന വരുമോയെന്നു കാത്തിരിക്കാതെ വേഗം നടത്തിക്കൊടുക്കുകയാണു ചെയ്തത്. വിവാഹം കഴിഞ്ഞപ്പോള്‍ എല്ലാ ഉത്തരവാദിത്വങ്ങളും സ്മിത ഏറ്റെടുത്തു. അവളതിലൊന്നിലും പ്രത്യക്ഷത്തില്‍ പരാതി പറഞ്ഞുകേട്ടിട്ടില്ല. സാധാരണമായി ഏതൊരു ദാമ്പത്യത്തിലും ഉണ്ടാകാനിടയുള്ള ചില ചെറിയചെറിയ പൊട്ടലും ചീറ്റലും മാത്രം. അതാവട്ടെ കുടുംബത്തിന്റെ സ്വസ്ഥതയ്ക്കു യാതൊരുതരത്തിലുള്ള കോട്ടം വരുത്തിയുമില്ല. സ്മിത പോയതോടെയാണ് കുടുംബത്തിന്റെ താളം തെറ്റിയത്.
''ഇപ്പോ മനസ്സിലായി തെറ്റായിരുന്നു. നമ്മള് ചെയ്തതെല്ലാം തെറ്റായിരുന്നു.'' അന്നാമ്മ ഏങ്ങലടിച്ചു.
''നീയിങ്ങനെ കരയാതെ.'' ജോസഫ് ദേഷ്യം ഭാവിച്ചുകൊണ്ട് സങ്കടപ്പെട്ടു.
''അത് അവന്റെ ദേഷ്യമല്ലെടീ. സങ്കടാ, സങ്കടം.'' ജോസഫ് നെഞ്ചു തിരുമ്മിക്കൊണ്ടു പറഞ്ഞു.
''അത് മനസ്സിലായിക്കഴിയുമ്പോ നിന്റെയീ കരച്ചില് ഒന്നുകൂടി കൂടുകയേ ഉള്ളൂ. കാരണം, അവന് നമ്മോടല്ലാതെ ആരോടാടീ ദേഷ്യപ്പെടാന്‍ പറ്റുന്നെ. പുറത്തിറങ്ങി ആരോടെങ്കിലും എന്തെങ്കിലും പറയാന്‍ പറ്റുമോ? സ്‌കൂളീ ചെന്ന് ദേഷ്യപ്പെടാന്‍ പറ്റ്വോ. വഴിയിലിറങ്ങിനിന്ന് ദേഷ്യപ്പെടാന്‍ പറ്റ്വോ? ഇല്ല. കാരണം എന്താ? അവിടെയൊന്നും അവനു സ്വാതന്ത്ര്യമില്ല. അവനു സ്വാതന്ത്ര്യമുള്ളത് നമ്മുടെയടുത്താ. നമ്മുടെയടുത്തു മാത്രം. മക്കളൊക്കെ കാര്‍ന്നോമ്മാരോടു ദേഷ്യപ്പെടുന്നത് അവര്‍ക്കു സ്നേഹമില്ലാത്തതു കൊണ്ടാണെന്നാണോ നീ വിചാരിക്കുന്നെ? ഉണ്ടാവാം, ചില മക്കള്‍ക്ക്. അവര് വഴക്കുണ്ടാക്കുകയൊക്കെ ചെയ്തെന്നിരിക്കും. പക്ഷേ, എല്ലാ മക്കളും അങ്ങനെയല്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറയാറില്ലേ, എന്താ അതിന്റെ അര്‍ത്ഥം? അമ്മയുടെ അടുത്ത് എന്തുമാവാം. ദേഷ്യപ്പെടാം. വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയാം. പിണങ്ങാം. കാരണം അത് അമ്മയാ. ഒരു മകനോ മകള്‍ക്കോ ഏറ്റവും സ്വാതന്ത്ര്യത്തോടെ ഈ ഭൂമിയില്‍ നില്ക്കാന്‍ കഴിയുന്ന, പെരുമാറാന്‍ പറ്റുന്ന ഒന്നോ രണ്ടോ പേരാ അവരുടെ അപ്പനും അമ്മയും.  വേറേ ആരുടെയടുത്തും അവര്‍ക്ക് അങ്ങനെയൊന്നും ദേഷ്യപ്പെടാന്‍ പറ്റില്ല. സ്വന്തം ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ അടുത്തുപോലും. ചിലപ്പോ പറ്റുമായിരിക്കും. പക്ഷേ, അതോടെ പല ബന്ധങ്ങളും മുറിഞ്ഞുപോകും. ഇവിടെയാകുമ്പോ അതില്ല. അതാ അപ്പനമ്മമാരും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ വില. ഭാര്യാഭര്‍ത്തൃബന്ധത്തെക്കാള്‍ വിലയുണ്ട് അതിന്.''
അന്നാമ്മ അദ്ഭുതത്തോടെ ജോസഫിനെ നോക്കി. അയാള്‍ ഇങ്ങനെയൊക്കെ സംസാരിക്കുമെന്ന് അവര്‍ക്കറിയില്ലായിരുന്നു. അയാള്‍ പറഞ്ഞതിനെ മനസ്സില്‍ അയവിറക്കിയപ്പോള്‍ മറ്റൊരു രീതിയില്‍ ചിന്തിക്കാനുള്ള പ്രേരണ അന്നാമ്മയ്ക്കുണ്ടായി. അതേ, സനല്‍ ഇവിടെയല്ലാതെ മറ്റെവിടെ ദേഷ്യപ്പെടും? ഇത് അവന്റെ വീടാണ്. സ്വന്തം വീടുപോലെ സ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ കഴിയുന്ന, സംസാരിക്കാന്‍ കഴിയുന്ന, പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റേതൊരു ഇടമാണ് ഈ ലോകത്തുളളത്? സ്മിതയുടെ മരണം ഏല്പിച്ച ആഘാതത്തില്‍നിന്ന്, മരവിപ്പില്‍ നിന്ന്  അവന്‍ ഇനിയും മോചിതനായിട്ടില്ല. അത്തരമൊരു മോചനത്തിലേക്ക് അവന്‍ നടന്നടുക്കണമെങ്കില്‍ മരണം ഏല്പിച്ച മരവിപ്പില്‍ നിന്ന് അവന്‍ പതുക്കെ പ്പതുക്കെ മുക്തനാകണം. ഒരു ഓപ്പറേഷനുമുമ്പ് ശരീരഭാഗം മരവിപ്പിക്കുന്നതുപോലെയാണ് അത്. മരവിച്ചിരിക്കുമ്പോള്‍ വേദന അറിയുന്നില്ല. പക്ഷേ, ആ വേദന അവിടെയുണ്ട്. മരവിപ്പ് ഇല്ലാതായിക്കഴിയുമ്പോഴാണ് സാധാരണനിലയിലേക്ക് ശരീരം മാറുന്നത്. മരവിപ്പില്‍നിന്നു സഹിക്കാന്‍ കഴിയുന്ന വേദനയിലേക്കുള്ള പരിണാമമാണ് സ്വാഭാവികമായ മാറ്റം. അങ്ങനെയൊരു മാറ്റം സനലിനും ഉണ്ടാവേണ്ടിയിരിക്കുന്നു.
''ആ കുഞ്ഞുകൊച്ചിനെക്കൊണ്ട് പാത്രം കഴുകിക്കാന്നുവച്ചാ. അവനു വല്ലതും അറിയാമോ. എന്നോടുള്ള ദേഷ്യത്തിനാ അവന്‍ കൊച്ചിനെക്കൊണ്ട്... എല്ലാം അവന്‍ ചെയ്തുപഠിക്കണമെന്ന്. പിന്നേയ്, ആണുങ്ങള്‍ അടുക്കളേ കേറിയിട്ടല്ലേ കുടുംബം നടക്കുന്നെ?''
''നീ ഈ വീട്ടില്‍ ചുറ്റിപ്പറ്റി ജീവിക്കുന്നതോണ്ടാ അന്നാമ്മേ ലോകത്തിന്റെ മാറ്റം അറിയാത്തത്.''
''പിന്നേയ്, എന്നുവച്ചാ നിങ്ങള്  ഈ ലോകം മുഴുവന്‍ ചുറ്റിനടക്കുവല്ലേ.'' അന്നാമ്മ ചൊടിച്ചു
''കൊറച്ചുവര്‍ഷമല്ലേ ആയുള്ളൂ ഞാനിങ്ങനെ കിടക്കാന്‍ തുടങ്ങീട്ട്. അതുവരെ ഈ നാട്ടീക്കൂടിയല്ലേ ഞാന്‍ നടന്നോണ്ടിരുന്നെ. പിന്നെ ഇവിടെ കിടന്നാലും പത്രം വായിക്കുകേം ടിവി കാണുകേം ചെയ്താലും കാലത്തിന്റെ മാറ്റം അറിയാം. ഒരു കാര്യം ഉറപ്പാ. നമ്മള് മക്കളെ വളര്‍ത്തിയതുപോലെയൊന്നുമല്ല പുതിയ പിള്ളേര് അവരുടെ മക്കളെ വളര്‍ത്തുന്നെ. അവരുടെ മക്കള്. അവര് ഇഷ്ടംപോലെ വളര്‍ത്തിക്കോട്ടെ. നീയതിലൊന്നും ഇടപെടണ്ടാ. അതാ എന്റെ അഭിപ്രായം. അവന്‍ നമ്മളെക്കാളും ബുദ്ധീം ബോധോം ഉള്ള ആളല്ലേ.''
''പിന്നെ, അവന്‍ പറഞ്ഞതിലും കാര്യമൊക്കെയുണ്ട്.''
ജോസഫ് മടിച്ചുമടിച്ചു പറഞ്ഞു. സ്വയം കുറ്റമേറ്റെടുക്കുന്ന മട്ടിലായിരുന്നു അത്.
''നമ്മള് അവനെ വളര്‍ത്തിയത്, വളര്‍ത്തിക്കൊണ്ടുവന്നത് നമ്മുടെ ഇഷ്ടത്തിനാ. അവന്റെ ഇഷ്ടത്തിനല്ല അവന്‍ വളര്‍ന്നുവന്നത്.''
ഭര്‍ത്താവ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അന്നാമ്മയ്ക്കു മനസ്സിലായില്ല.
''നമ്മുടെ സ്വാര്‍ത്ഥതയ്ക്കുവേണ്ടിയാ നമ്മള്‍ അവനെ വളര്‍ത്തിയെ. നമ്മെ വിട്ടൊരു വളര്‍ച്ച അവനുണ്ടാകരുതെന്ന്, നിലനില്പ്പുണ്ടാകരുതെന്ന് നമ്മള് അറിയാതെയെങ്കിലും ആഗ്രഹിച്ചു. അല്ലെങ്കില്‍ നീയൊന്നാലോചിച്ചുനോക്കിയേ, നമ്മള് എന്നെങ്കിലും അവനെ അവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ വിട്ടിട്ടുണ്ടോ? ഞാനോര്‍ക്കുവാ അന്ന് അവന് എട്ടുപത്തുവയസു പ്രായം കാണും. അവന് സൈക്കിള് പഠിക്കാന്‍ വല്യ ആഗ്രഹം. എനിക്കും ഒരു അരസമ്മതമുണ്ടായിരുന്നു. പക്ഷേ, നീ സമ്മതിച്ചില്ല, സൈക്കിളേന്ന് വീണ്  കയ്യും കാലും ഒടിയുമെന്ന് നിനക്കൊരു പേടി. അമ്മയെന്ന നിലേല്‍ നോക്കുമ്പോ അത് ശരിയായിരിക്കും. പക്ഷേ എല്ലാ പിള്ളേരുടെയും കയ്യും കാലും ഒടിയുന്നുണ്ടോ സൈക്കിള് ചവിട്ടിയാല്‍? ഇല്ല.  ഇനി ഒടിഞ്ഞാലും ആ ഒടിവ്  ഭേദമാകാതിരിക്കുമോ? ഇല്ല. എന്നിട്ടും മനസ്സില്ലാമനസ്സോടെ ഞാനും അതിനു കൂട്ടുനിന്നു. ഓരോ പ്രായത്തിലും പിള്ളേരെക്കൊണ്ട് ചെയ്യിക്കേണ്ടതു ചെയ്യിക്കണം. നമ്മുടെ പേടീം  ധൈര്യക്കുറവും മക്കളുടെ ജീവിതത്തിന്മേല്‍ കുത്തിവയ്ക്കരുത്.  അങ്ങനെ അവരെ ആത്മവിശ്വാസമില്ലാത്തവരാക്കി മാറ്റരുത്. നമ്മുടെ മോന്റെ കാര്യത്തില്‍ സംഭവിച്ചത് അതാ. ഇവിടെ കിടന്നപ്പോ ഞാനാലോചിച്ചിട്ടുണ്ട് അവന് സ്‌കൂട്ടറോടിക്കാന്‍ അറിയാമായിരുന്നെങ്കില് ഇങ്ങനെ എല്ലാ ദിവസോം ഓട്ടോ പിടിച്ചോ അല്ലെങ്കില്‍ ആരുടെയെങ്കിലും സ്‌കൂട്ടറില്‍ കയറിയോ വരേണ്ടിവരുമായിരുന്നോന്ന്... ഇനി പറഞ്ഞിട്ടെന്നാ വിശേഷം?''
ജോസഫ് ദീര്‍ഘമായി നിശ്വസിച്ചു.
''അപ്പോ നിങ്ങളും പറയുന്നത് ഞാനാ അവന്റെ ജീവിതം നശിപ്പിച്ചതെന്നാണോ?''
അന്നാമ്മയ്ക്ക് അതു സഹിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, മകനെ അത്രമേല്‍ സ്നേഹിച്ച അമ്മയായിരുന്നു അവര്‍. അവന്റെ ശരീരത്തില്‍ ഒരു പോറല്‍പോലും വീഴുന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത അമ്മ. മകന്റെ ജീവിതത്തില്‍ നന്മയല്ലാതെ മറ്റൊന്നും അവര്‍ ആഗ്രഹിച്ചിരുന്നില്ല. എല്ലാ പ്രാര്‍ത്ഥനയും മകനുവേണ്ടിയായിരുന്നു. അവന്റെ സന്തോഷം. ഉയര്‍ച്ച. എന്നിട്ട് എല്ലാവരുംകൂടി തന്നെ കുറ്റക്കാരിയാക്കിയിരിക്കുന്നു.
''നീയിങ്ങനെ എഴുതാപ്പുറം വായിക്കാതെ.'' ജോസഫ് ദേഷ്യപ്പെട്ടു.
''അല്ലെങ്കിലും ഈ പെണ്ണുങ്ങളോട് ഒരു കാര്യം പറയാന്‍ കൊള്ളുകേലാ. പറയുന്നതല്ല കേള്‍ക്കുന്നെ. കേള്‍ക്കുന്നതല്ല മനസ്സിലാക്കുന്നെ.''
''വേണ്ടെന്ന്. എനിക്കെല്ലാം അറിയാം. അല്ലെങ്കിലും എല്ലാറ്റിനും ഞാനാണല്ലോ കുറ്റക്കാരി. ഇതും ഞാന്‍ സഹിച്ചോളാം.''
''ആ, സഹിക്കുന്നെങ്കില്‍ സഹിക്ക്. അല്ലാതെ പിന്നെ ഞാനെന്നാ പറയാനാ. പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ലെന്നു പറയുന്നതു ശരിയാ.''
ജോസഫ് ദേഷ്യത്തോടെ കിടക്കയിലേക്കു വീണു. അന്നാമ്മ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി.
 എത്ര കാലം കഴിഞ്ഞാലും എത്ര പ്രായം ചെന്നാലും മനുഷ്യന് അവന്റെ സഹജമായ സ്വഭാവപ്രത്യേകതകളില്‍നിന്നു മാറ്റമുണ്ടാവില്ലെന്ന് ജോസഫിനു തോന്നി. വിവാഹം കഴിഞ്ഞനാള്‍ മുതല്‍ അന്നാമ്മയുടെ സ്വഭാവപ്രത്യേകതയും ഇതുതന്നെയായിരുന്നു. തീരെ ചെറിയൊരു കുറ്റപ്പെടുത്തല്‍പോലും ശാന്തതയോടെ സ്വീകരിക്കാന്‍ അന്നാമ്മയ്ക്കു കഴിവുണ്ടായിരുന്നില്ല. ഏതെങ്കിലും കാര്യത്തിലുള്ള തിരുത്ത് സ്വീകരിക്കാന്‍ കഴിയാതെ വരികയും പിന്നീട് അതിന്റെ പേരില്‍ ചെറിയ ചെറിയ വാഗ്വാദങ്ങള്‍ ഉണ്ടാവുകയും ചെയ്തതോടെ ഭാര്യയെ തിരുത്തിയെടുക്കാമെന്ന പ്രതീക്ഷ ജോസഫ് ഉപേക്ഷിക്കുകയായിരുന്നു.
 അടുത്ത ദിവസംമുതല്‍ അന്നാമ്മ അടുക്കളഭരണം ഏറ്റെടുത്തു. സ്മിതയുടെ മരണത്തിനു ശേഷം അടുക്കളയില്‍ കയറിത്തുടങ്ങിയിരുന്നെങ്കിലും സനലിന്റെ ശാസന അവരെ അതില്‍ നിന്നു പിന്തിരിപ്പിച്ചിരുന്നു. പക്ഷേ, ഇനി ആ ശാസനയ്ക്കു കീഴടങ്ങാന്‍ താന്‍ തയ്യാറല്ലെന്ന് അന്നാമ്മ തന്നോടുതന്നെ പറഞ്ഞു. വേഗത്തില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയുന്നില്ലെന്നേയുള്ളൂ. മനസ്സുവച്ചാല്‍ അടുക്കള ജോലികള്‍ ഏറെക്കുറെ തനിക്കു ചെയ്യാന്‍ കഴിയുമെന്ന് അന്നാമ്മയ്ക്കു മനസ്സിലായി. അത് വല്ലാത്തൊരു ആത്മവിശ്വാസം അവര്‍ക്കു നല്കുകയും ചെയ്തു. പണ്ടുകാലങ്ങളില്‍ സനല്‍ സ്‌കൂളിലും കോളജിലുമൊക്കെ പഠിക്കുന്ന സമയത്ത അതിരാവിലെ എണീറ്റ് ചോറും കറിയും വയ്ക്കുന്ന ശീലമുണ്ടായിരുന്നു. അലാറവും മൊബൈലും ഒന്നും ഇല്ലാതിരുന്ന അക്കാലത്തും കൃത്യസമയത്ത് എണീല്ക്കുന്ന ചിട്ടയ്ക്ക് മുടക്കം വന്നിരുന്നില്ല. ഇപ്പോള്‍ താന്‍ വീണ്ടും ആ വീട്ടമ്മയായതുപോലെ അന്നാമ്മയ്ക്കു തോന്നി.  സനല്‍ ഉണര്‍ന്നെണീല്ക്കുന്നതിനു മുമ്പുതന്നെ ചോറും കറിയും പാകമാകണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വിറകടുപ്പില്‍ കിടന്ന് അരി ചോറായി മാറിക്കഴിഞ്ഞിരുന്നു തവിയെടുത്ത് അന്നാമ്മ വേവു നോക്കി. വെന്തിട്ടുണ്ട്. ഇനി അത് വാര്‍ക്കണം. കത്തിയെരിയുന്ന വിറക് കെടുത്തി ചൂടു കുറച്ചിട്ട് അന്നാമ്മ കഞ്ഞിക്കലമെടുത്തു. ചോറു വാര്‍ക്കാന്‍ പാത്രം മറ്റൊരിടത്ത് റെഡിയാക്കിവച്ചിട്ടുണ്ടായിരുന്നു. അവിടേക്ക് കഞ്ഞിക്കലവുമെടുത്ത് നീങ്ങുമ്പോഴാണ് അതു സംഭവിച്ചത്. തറയില്‍ കിടന്നിരുന്ന വെള്ളത്തില്‍  തെന്നി അന്നാമ്മയുടെ ചുവടു പിഴച്ചു. അന്നാമ്മ തലയടിച്ച് വീണു. ദേഹത്തേക്ക് ചൂടുചോറും വെള്ളവും വീണു. ''മോനേ സനൂ.'' അന്നാമ്മയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് സനല്‍ ചാടിയെണീറ്റത്. അടുക്കളയിലേക്കോടിച്ചെന്ന സനല്‍ ഞെട്ടി. ''അമ്മച്ചീ.'' സനല്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് അന്നാമ്മയെ വാരിയെടുത്തു. സനലിന്റെയും അന്നാമ്മയുടെയും നിലവിളി  പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന രോഷ്നിയുടെ കാതിലെത്തി.
''ചേട്ടായീ, സനുച്ചേട്ടന്റെ വീട്ടിലെന്തോ സംഭവിച്ചു.'' റോയിയോട് ഉറക്കെ വിളിച്ചുപറഞ്ഞിട്ട് റോഷ്‌നി അവിടേക്ക് ഓടിയെത്തി. രോഷ്നിയുടെ തൊട്ടുപിന്നാലെ റോയിയും എത്തി. എന്തു ചെയ്യണമെന്നറിയാതെ ഇരുവരും ഒരുനിമിഷം അന്തിച്ചുനിന്നു. പിന്നെ റോയി തിരിഞ്ഞോടി. അവന്‍ കാറുമായി വന്നു. സനലും റോഷ്നിയും റോയിയും ചേര്‍ന്ന് അന്നാമ്മയെ ആശുപത്രിയിലെത്തിച്ചു. അന്നാമ്മയക്ക്  നല്ല രീതിയില്‍ പൊള്ളലേറ്റിട്ടുണ്ടായിരുന്നു. എങ്കിലും ജീവനു ഭീഷണിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഡിസ്ചാര്‍ജ് ചെയ്യുന്നതിന്റെ തലേന്ന് ആശുപത്രിയില്‍ വച്ച് അന്നാമ്മയ്ക്ക് ഹാര്‍ട്ട് അറ്റാക്കുണ്ടായി.  ഡോക്ടര്‍ എത്തിച്ചേരുന്നതിനുമുമ്പ് അന്നാമ്മ ഈ ലോകം വിട്ടുപോയി. സനലിന്റെ കൈകളില്‍ മുറുക്കെപ്പിടിച്ചുകൊണ്ടായിരുന്നു അന്നാമ്മ എന്നേക്കുമായി കണ്ണടച്ചത്.  

     
(തുടരും)

 

Login log record inserted successfully!