•  2 Dec 2021
  •  ദീപം 54
  •  നാളം 35

സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലളിതവും വേഗവും സൗഹൃദപരവും


നിനക്കെതിരേയുള്ള വിധി കര്‍ത്താവ് പിന്‍വലിച്ചിരിക്കുന്നു. നിന്റെ ശത്രുക്കളെ അവിടുന്ന് ചിതറിച്ചിരിക്കുന്നു.സെഫാനിയാ 3:15

സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്ന പൊതുജനങ്ങളെ നിയമക്കുരുക്കളാല്‍ പൊറുതിമുട്ടിച്ച, നാളിതുവരെയുള്ള ദുഷിച്ച ഭരണവ്യവസ്ഥിതിക്ക് അന്ത്യം കുറിച്ചിരിക്കുന്നു കേരളസര്‍ക്കാര്‍. കെട്ടിക്കിടന്ന ഫയലുകളും കുരുക്കുമുറുകിയ ചുവപ്പുനാടകളും ജനജീവിതത്തെ വീര്‍പ്പുമുട്ടിക്കുകയും വെറുപ്പിക്കുകയും ചെയ്തുപോന്ന സാമ്പ്രദായികനയങ്ങള്‍ക്കറുതിവരുത്താനുള്ള സര്‍ക്കാര്‍തീരുമാനം ശ്ലാഘനീയമാണ്. സര്‍ക്കാര്‍തല സര്‍ട്ടിഫിക്കറ്റുകള്‍

ര്‍ട്ടിഫിക്കറ്റുകള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്ന പൊതുജനങ്ങളെ നിയമക്കുരുക്കളാല്‍ പൊറുതിമുട്ടിച്ച, നാളിതുവരെയുള്ള ദുഷിച്ച ഭരണവ്യവസ്ഥിതിക്ക് അന്ത്യം കുറിച്ചിരിക്കുന്നു കേരളസര്‍ക്കാര്‍. കെട്ടിക്കിടന്ന ഫയലുകളും കുരുക്കുമുറുകിയ ചുവപ്പുനാടകളും ജനജീവിതത്തെ വീര്‍പ്പുമുട്ടിക്കുകയും വെറുപ്പിക്കുകയും ചെയ്തുപോന്ന സാമ്പ്രദായികനയങ്ങള്‍ക്കറുതിവരുത്താനുള്ള സര്‍ക്കാര്‍തീരുമാനം ശ്ലാഘനീയമാണ്. സര്‍ക്കാര്‍തല സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ സങ്കീര്‍ണമായ നടപടിക്രമങ്ങളും നൂലാമാലകളും സൃഷ്ടിച്ചിരുന്നിടത്ത്, ലളിതവും സുന്ദരവുമായ സേവനമുഖം വൈകിയ വേളയിലെങ്കിലും സര്‍ക്കാരിനു കാഴ്ചവയ്ക്കാനായത് സ്വാഗതാര്‍ഹംതന്നെ.
ഒരു സര്‍ട്ടിഫിക്കറ്റിന് ഒന്നിലേറെ ഓഫീസുകളില്‍ പലതവണ കയറിയിറങ്ങുകയും ഒരു ഓഫീസില്‍ത്തന്നെ വിവിധ മേശകളിലെ ഫയലുകളില്‍ അപേക്ഷകള്‍ ഒളിപ്പിക്കുകയും ചെയ്തിരുന്ന പ്രാമാണികചിട്ടവട്ടങ്ങള്‍ക്കാണ് ചുവടിളക്കം സംഭവിച്ചിരിക്കുന്നത്. അപേക്ഷകരായ ജനങ്ങളെ ആട്ടിയകറ്റുകയും അന്യവത്കരിക്കുകയും ചെയ്തുപോന്ന ഉദ്യോഗസ്ഥമേലാളന്മാരുടെ അധികാരദുര്‍വിനിയോഗത്തിനുള്ള താക്കീതുകൂടിയാണ് പുതിയ പ്രഖ്യാപനം.
സാധാരണക്കാര്‍ക്കു പൂരിപ്പിക്കാന്‍ പ്രയാസമുണ്ടായിരുന്ന അപേക്ഷാഫോറത്തിന് രൂപമാറ്റം വന്നിരിക്കുന്നുവെന്നതാണ് എടുത്തുപറയേണ്ട ഒരു കാര്യം. ഓരോ അപേക്ഷാഫോറവും ഒറ്റപ്പേജില്‍ തീര്‍ന്നിരിക്കും. അപേക്ഷാഫീസ് ഇനിയുണ്ടാവില്ല. അപേക്ഷയോടൊപ്പം നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്താം. പൗരന്മാരെ വിശ്വാസത്തിലെടുക്കാതെ, ഏതു കാര്യത്തിനും ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യമുദ്ര പതിയണമെന്ന, കൊളോണിയല്‍കാലമനോഭാവത്തിന്റെ അവശേഷിപ്പുകള്‍ക്കും അന്ത്യംകുറിച്ചിരിക്കുന്നു.
ഒരാവശ്യത്തിനു നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റാവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകളില്‍ സാധുവാണ് എന്നത് ആശ്വാസകരമാണ്. അപേക്ഷകന്റെ എസ്.എസ്.എല്‍.സി. ബുക്കിലോ വിദ്യാഭ്യാസരേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇനി മൈനോരിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ആധാര്‍, ജനനസര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളില്‍ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു ബന്ധുത്വസര്‍ട്ടിഫിക്കറ്റായി കണക്കാക്കാം. റേഷന്‍ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു കുടുംബാംഗത്വസര്‍ട്ടിഫിക്കറ്റായി ഉപയോഗിക്കാം.
ജാതിസര്‍ട്ടിഫിക്കറ്റിന് എസ്.എസ്.എല്‍.സി. ബുക്കിലെ ജാതി രേഖപ്പെടുത്തിയിരിക്കുന്നത് ആധികാരികരേഖയായി പരിഗണിക്കാമെന്നുള്ളത്, പട്ടികജാതി-പട്ടികവര്‍ഗവിഭാഗം ജാതി സര്‍ട്ടിഫിക്കറ്റിനായി ഇന്നോളം നടത്തിയ അലച്ചിലുകള്‍ക്കുള്ള ആശ്വാസവും അംഗീകാരവുമാണ്. എസ്.എസ്.എല്‍.സി. പാസാകാത്തവരോ പൂര്‍ത്തിയാക്കാത്തവരോ ഉണ്ടെങ്കില്‍ അവര്‍ക്കും സ്‌കൂള്‍ റെക്കോര്‍ഡിലെ രേഖകള്‍ ജാതിസര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനരേഖയായി സ്വീകരിക്കാം.
ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ ലഭിച്ചാല്‍ അഞ്ചു ദിവസത്തിനകം അതില്‍ തീരുമാനമെടുത്തിരിക്കണമെന്ന വ്യവസ്ഥയും സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് വാതില്‍പ്പടി സേവനപദ്ധതി ആരംഭിച്ചതിനു തൊട്ടുപിന്നാലെ, അപേക്ഷകളും അതിന്മേലുള്ള നടപടികളും ലളിതവും വേഗവും ജനസൗഹൃദപരവുമാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച നയക്രമീകരണങ്ങള്‍ക്കു സ്ഥിരതയുണ്ടാവുമോ എന്നതുമാത്രമാണ് ജനങ്ങളുടെ ആശങ്ക. സര്‍ക്കാര്‍ മേഖലയിലെ രാഷ്ട്രീയപ്പോരും കെടുകാര്യസ്ഥതയും കണ്ടുമടുത്ത ജനങ്ങള്‍ക്കുണ്ടാകുന്ന സ്വാഭാവികാശങ്കയ്ക്ക് അറുതി വരുത്താന്‍ സര്‍ക്കാരിനാവുമെന്നു പ്രതീക്ഷിക്കാം.
സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്ന വിവിധങ്ങളായ സര്‍ട്ടിഫിക്കറ്റുകളുടെയും സേവനങ്ങളുടെയും പിന്നിലുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കുകയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നതോടെ സര്‍ക്കാരുദ്യോഗസ്ഥരും ജനങ്ങളും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടലുകള്‍ക്കും വാഗ്വാദങ്ങള്‍ക്കുംകൂടിയാണ് അറുതിയുണ്ടാവുന്നത്. ഇനിമുതല്‍ ഏതൊരു സാധാരണക്കാരനും സര്‍ക്കാര്‍ ഓഫീസുകളിലേക്കു കയറിച്ചെല്ലാനും അവന്റെ ആവശ്യങ്ങളുന്നയിക്കാനും മടിയോ പേടിയോ വേണ്ട. ശുപാര്‍ശകരുടെയും ഇടനിലക്കാരുടെയും 'സേവനങ്ങള്‍' ആവശ്യമില്ലാതായിരിക്കുന്നു. കൈക്കൂലിയടക്കമുള്ള കൊള്ളരുതായ്മകള്‍ക്കു കൂട്ടുനില്ക്കുന്നവര്‍ക്കും അഴിമതിയെ പോറ്റിവളര്‍ത്തുന്നവര്‍ക്കും 'അഴി' മതിയെന്ന പൊതുബോധമുണര്‍ത്താന്‍ പുതിയ സര്‍ക്കാര്‍പ്രഖ്യാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍!