•  18 Apr 2024
  •  ദീപം 57
  •  നാളം 6
ഉണ്ണീരിയമ്മ പറഞ്ഞ കഥ

ചിരിക്കുന്ന സന്ന്യാസിമാര്‍

''ഇന്നത്തെ കഥ ചിരിയെ പ്പറ്റിയാണ്.''  ഉണ്ണീരിയമ്മ പറഞ്ഞു.
''ചിരിയെപ്പറ്റിയോ''- കുഞ്ഞുണ്ണി ഉത്സാഹത്തോടെ ചോദിച്ചു.
''അതേ ചിരിയെപ്പറ്റി, ദാ കേട്ടോളൂ.''
 പണ്ടുപണ്ട് ചൈനയില്‍ മൂന്നു സന്ന്യാസിമാര്‍ ഉണ്ടായിരുന്നു. മൂന്നുപേരും ആത്മസുഹൃത്തുക്കളായിരുന്നു. സ്വന്തമായി ആശ്രമമോ ശിഷ്യന്മാരോ അവര്‍ക്കില്ലായിരുന്നു. എന്തിന്, ധ്യാനിക്കുകപോലും ചെയ്യില്ലായിരുന്നു. അവര്‍ ആകെ ചെയ്തിരുന്നത് ചിരിക്കുക മാത്രമാണ്. പരസ്പരം നോക്കി ഉള്ളുതുറന്ന് പൊട്ടി പൊട്ടിച്ചിരിച്ചു. അതുകൊണ്ടുതന്നെ ആളുകള്‍ അവരെ ചിരിക്കുന്ന സന്ന്യാസിമാര്‍ എന്നു വിളിച്ചു.
ഒരു ഗ്രാമത്തില്‍ എത്തിയാല്‍ അവര്‍ ആദ്യം ആളുകള്‍ കൂടുന്ന ഒരു തുറസ്സായ സ്ഥലം കണ്ടുപിടിക്കും. എന്നിട്ടോ? മൂന്നുപേരും  പരസ്പരം നോക്കി നിഷ്‌കളങ്കമായി പൊട്ടിച്ചിരിക്കാന്‍ തുടങ്ങും. മൂന്നു സന്ന്യാസിമാര്‍ പരസ്പരം നോക്കി ചിരിക്കുന്ന കൗതുകക്കാഴ്ച കാണാന്‍ ആളുകള്‍ ചുറ്റും കൂടും. ആള്‍ക്കൂട്ടത്തിലേക്കും ചിരി പടരും. സന്ന്യാസിമാരുടെ ചിരി കാണാന്‍ ഗ്രാമത്തിന്റെ പല ദിക്കുകളില്‍നിന്നും ആളുകള്‍ കൂട്ടമായെത്തും. അങ്ങനെ ചിരി ഒരു മാലപ്പടക്കംപോലെ തുടരും. ആളുകളുടെ ദുഃഖവും ആശങ്കകളും അസ്വസ്ഥതകളും എല്ലാം ചിരിയില്‍ മാഞ്ഞുപോകും. ഒരു ഗ്രാമം മുഴുവന്‍ സന്തോഷം നിറയും. തുടര്‍ന്ന് അവര്‍ അടുത്ത ഗ്രാമത്തിലേക്കു നീങ്ങും. അങ്ങനെ ഗ്രാമങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്ക് ചിരിയുടെ, സന്തോഷത്തിന്റെ തിരയൊഴുകി. മറ്റുള്ളവരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ പ്രാര്‍ത്ഥനയെന്ന് അവര്‍ വിശ്വസിച്ചു. എപ്പോഴും ചിരിക്കുന്ന സന്ന്യാസിമാരെ ആളുകള്‍ക്കു വലിയ ഇഷ്ടമായിരുന്നു.
കാലം കടന്നുപോയി. സന്ന്യാസിമാര്‍ക്കു പ്രായമായി. ഒരിക്കല്‍ ഒരു സന്ന്യാസി മരിച്ചുപോയി. ആളുകള്‍ക്കെല്ലാം വലിയ സങ്കടമായി. ആത്മസുഹൃത്തിന്റെ മരണം മറ്റു രണ്ടു സന്ന്യാസിമാരെ മാനസികമായി തകര്‍ക്കുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. സുഹൃത്തിന്റെ വേര്‍പാടില്‍ കരയുന്ന സന്ന്യാസിമാരെ കാണാനെത്തിയ ആള്‍ക്കൂട്ടത്തിനു തെറ്റി. രണ്ടു സന്ന്യാസിമാരും  അപ്പോഴും ചിരിക്കുകയായിരുന്നു.
മരണത്തിലും എന്തിനാണു ചിരിക്കുന്നതെന്ന് ഒരാള്‍ സന്ന്യാസിമാരോടു ചോദിച്ചു.
''ഞങ്ങള്‍ മൂന്നുപേരും തമ്മില്‍ ഒരു പന്തയം ഉണ്ടായിരുന്നു. ആദ്യം ആരാണു മരിക്കുന്നത് എന്ന്. അവസാനം അയാളാണ് ജയിച്ചത്. സുഹൃത്തിന്റെ ജയത്തിലാണ് ഞങ്ങള്‍ സന്തോഷിക്കുന്നത്.'' - സന്ന്യാസിമാര്‍ മറുപടി പറഞ്ഞു.
 മരിച്ച സന്ന്യാസിയുടെ മരണപത്രത്തില്‍ ഇങ്ങനെ എഴുതിവച്ചിരിന്നു:
''എന്നെ മരണശേഷം കുളിപ്പിക്കുകയോ എന്റെ വസ്ത്രം മാറ്റി പുതിയത് അണിയിക്കുകയോ മരണകര്‍മങ്ങള്‍ ചെയ്യുകയോ അരുത്. ജീവിതകാലം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും അകമേയും പുറമേയുമുള്ള എന്റെ അഴുക്കുകള്‍ ഇല്ലാതായിരിക്കുന്നു.''
സന്ന്യാസിയുടെ ആഗ്രഹമനുസരിച്ച് മരണപത്രത്തില്‍ പറഞ്ഞതുപോലെ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തു. ചിത കത്തുമ്പോഴാണ് ആ അദ്ഭുതം സംഭവിച്ചത്. ചിതയില്‍നിന്നു വര്‍ണപ്പൂത്തിരികള്‍ ഉയര്‍ന്നു കത്താന്‍ തുടങ്ങി. ആകാശത്ത് പൂത്തിരികള്‍ വര്‍ണവിസ്മയം തീര്‍ത്തു. മരിക്കുന്നതിനുമുമ്പ് തന്റെ വസ്ത്രത്തിനിടയില്‍ സന്ന്യാസി ചൈനീസ്പൂത്തിരികള്‍ ഒളിപ്പിച്ചിരുന്നു. വര്‍ണങ്ങളുടെ വിസ്മയപ്രപഞ്ചം ആളുകളില്‍ അദ്ഭുതം സൃഷ്ടിച്ചു. ഒപ്പം, സന്ന്യാസിയുടെ അവസാനത്തെ കുസൃതിയില്‍ അവര്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഈ ലോകത്തുനിന്നു വേര്‍പിരിയുന്ന നിമിഷംപോലും ആളുകളിലേക്കു സന്തോഷം പകര്‍ന്ന  സുഹൃത്തിനെക്കുറിച്ചാലോചിച്ച് മറ്റു രണ്ടു സന്ന്യാസിമാരും അഭിമാനിച്ചു.
സ്വയം ചിരിക്കുക, മറ്റുള്ളവരെ ചിരിപ്പിക്കുക, സന്തോഷിപ്പിക്കുക - അതാണ് ഏറ്റവും വലിയ പ്രാര്‍ത്ഥന.
''കഥയിഷ്ടപ്പെട്ടോ കൂട്ട്യോളേ'' - ഉണ്ണീരിയമ്മ ചോദിച്ചു
കുട്ടികള്‍ സന്തോഷത്തോടെ തലയാട്ടി.
''ചിരിക്കാത്ത ഒരു ദിവസം ജീവിതത്തിലെ പാഴായ ഒരു ദിവസമാണ് എന്നു പറഞ്ഞത് ആരാണെന്നറിയാമോ?''
 എല്ലാവരിലേക്കും മൗനം പടര്‍ന്നപ്പോള്‍ ഉണ്ണീരിയമ്മ തന്നെ ഉത്തരം പറഞ്ഞു:
''ചിരിയുടെ ചക്രവര്‍ത്തി ചാര്‍ളി ചാപ്ലിന്‍.''

 

Login log record inserted successfully!