•  25 Apr 2024
  •  ദീപം 57
  •  നാളം 7
സിനിമ

പ്രതീക്ഷയുടെ പ്രകാശംനിറഞ്ഞ സണ്ണി

കാകിയും വിഷാദിയുമായ ഒരുവന്റെ നിശ്ചലമായ, ഇരുള്‍നിറഞ്ഞ ജീവിതത്തിലേക്ക് പ്രകാശകിരണങ്ങള്‍ കടന്നുവരുന്നതെങ്ങനെയെന്ന കാഴ്ചയാണ് സണ്ണി എന്ന ചലച്ചിത്രം. കാണാനോ സംസാരിക്കാനോ സമീപത്തൊരു മനുഷ്യന്‍പോലുമില്ലാത്ത ഭ്രാന്തിളക്കുന്ന ഏകാന്തതയ്ക്കുശേഷം, കെട്ടകാലം പകര്‍ന്ന രോഗവുമായി ഇരുള്‍കൂടാരങ്ങളിലെവിടെയെങ്കിലും അടിഞ്ഞുപോകേണ്ട സണ്ണി പ്രതീക്ഷയുടെ വെളിച്ചത്തിലേക്കു ചിറകടിച്ചുയിര്‍ക്കുന്ന കാഴ്ച പ്രേക്ഷകര്‍ക്ക് ആശ്വാസമാകുന്നു.
 ലോക്ഡൗണ്‍ കാലം സിനിമകളുടെയും ഷോര്‍ട്ഫിലിമുകളുടെയും പ്രവാഹസമയം കൂടിയാണ്. അവയില്‍ പലതും പതിരായി പൊഴിഞ്ഞുവീണപ്പോള്‍ ചിലതെല്ലാം കതിര്‍ക്കുലയായി വിളങ്ങിവിളഞ്ഞു. അത്തരമൊരു സിനിമയാണ് ജയസൂര്യ അഭിനയിച്ച സണ്ണി.
ഒരു ഒറ്റയാള്‍ചിത്രമെന്നിതിനെ വിശേഷിപ്പിക്കാം. എന്നാല്‍, ജയസൂര്യ എന്ന സണ്ണി മാത്രമാണ് സിനിമ തീരുംവരെ നമുക്കൊപ്പം ചിരിച്ചതും കരഞ്ഞതും പരിഭ്രമങ്ങള്‍ കാട്ടിയതുമെന്നു നാം മറന്നുപോകുന്ന അഭിനയവും സ്‌ക്രീന്‍പ്ലേയുമാണ് പടത്തിന്റെ ഹൈലൈറ്റ്. സംവിധാനമികവെന്നു വിശേഷിപ്പിക്കാം ഈ ട്രീറ്റ്‌മെന്റിനെ. സണ്ണിയുടെ മൊബൈല്‍ ഫോണാണ് അയാളോടൊപ്പം ചേര്‍ന്ന് ചിത്രത്തെ സജീവമാക്കുന്ന അടുത്ത ഘടകം. അതിലൂടെയാണ് ഇന്നസെന്റും വിജയരാഘവനും സിദ്ധിഖും ചിത്രത്തിലെ അഭിനേതാക്കളാകുന്നത്. ഫോണിലൂടെയെത്തുന്ന അവരുടെയൊക്കെ പരിചിതമായ ശബ്ദത്തിലൂടെ ആക്ടിങ്ങും നമ്മള്‍ അനുഭവിക്കുന്നു.
ആത്മഹത്യയ്‌ക്കൊരുങ്ങുന്ന സണ്ണിക്ക് എന്തുമാത്രം വികാരഭേദങ്ങളാണ് ആ ശബ്ദസാന്നിധ്യങ്ങള്‍ നല്‍കുന്നത്! അയാളെ എത്ര സമര്‍ത്ഥമായാണ് ആ ശബ്ദങ്ങള്‍ രക്ഷിക്കുന്നത്!
എവിടെയോ ഇരുന്നു നമ്മളെ കേള്‍ക്കുന്ന, നമ്മുടെ ശരിതെറ്റുകള്‍ മനസ്സിലാക്കിത്തരുന്ന, സുഹൃത്തുപോലും അല്ലാത്ത, ആകേണ്ടാത്ത ആളുകളാണ് സത്യത്തില്‍ നമ്മുടെ ജീവിതം താങ്ങുന്നത്. ഉറുമ്പിനെ പഞ്ചസാരത്തരികള്‍ രക്ഷിക്കുമ്പോലെ...
സാമ്പത്തികമായി തകര്‍ന്നുതരിപ്പണമായ ഒരു മനുഷ്യന്‍ ദുബായില്‍നിന്നു വന്നു നാട്ടിലെ ഒരു ഹോട്ടലില്‍ ക്വാറന്റൈന്‍ ഇരിക്കുന്നതാണ് സിനിമയുടെ പശ്ചാത്തലം. തനിക്കൊരു മകള്‍ പിറക്കുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഡിവോഴ്‌സ് കിട്ടിയേ മതിയാകൂ എന്നു ശഠിക്കുന്ന ഭാര്യ അയാളുടെ ദുഃഖവും വിഭ്രാന്തിയും അധികമാക്കുന്നു. ഇതിനിടയിലും മഴയും വെയിലും സൂര്യനും പുഴയും പൂവാങ്കുരുന്നിലയും എന്തിന്, മുകളിലെ ഫ്‌ളാറ്റില്‍നിന്നു തന്റെയടുത്തേക്കു പാറിവീണ അജ്ഞാതയായൊരു പെണ്‍കുട്ടിയുടെ ദുപ്പട്ടപോലും കഥാപാത്രമായി നമ്മെ വിസ്മയിപ്പിക്കുന്നു, ഈ ചിത്രത്തില്‍.
ജീവിതം തുടരുകയാണ്, മഴപോലെ, പുഴപോലെ... അതെന്നും ഇടവേളകളില്‍ പൂത്തുലഞ്ഞു പെയ്‌തൊഴുകുന്നു. എത്ര കൂരിരിട്ടിലും സ്‌നേഹമെന്നത് വെളിച്ചമാണെന്നും ഈ സിനിമ പറഞ്ഞുവയ്ക്കുന്നു. ഒരു ചെടിക്കു വെള്ളമൊഴിച്ചാല്‍ അതു വളരുമ്പോലെ നല്ല ബന്ധങ്ങള്‍ മനുഷ്യനെയും വളര്‍ത്തുന്നു. ഇന്നസെന്റിന്റെ കഥാപാത്രം പറയുന്നു, തീരുമാനിക്കേണ്ടത് നമ്മളാണ്; ജീവിച്ചുവിജയിക്കണോ അതോ മരിച്ചു പരാജയപ്പെടണോ എന്ന്.
വളരെയധികം പോസിറ്റീവ് എനര്‍ജിയും നല്ലൊരു സന്ദേശവും നല്‍കുന്ന 'സണ്ണി' പോലുള്ള ജീവല്‍സ്പന്ദനമുള്ള സിനിമകള്‍ ഇനിയും ഇവിടെ ഉണ്ടാകട്ടെ.
2020 ല്‍ എടുത്ത സിനിമയാണ് സണ്ണി. സ്ഥിരമായ ലോക്ഡൗണ്‍ ക്ലീഷേകള്‍ ഇല്ലാതെ, ബോറടിപ്പിക്കാതെ ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് സംവിധായകമിടുക്ക്.
ശബ്ദവും പരിചിതരായ നടന്മാരുടേതായതിനാല്‍ പെട്ടെന്ന് ക്ലിക്ക് ആയി. ഇന്നസെന്റ്, സിദ്ധിഖ്, വിജയരാഘവന്‍, പിന്നെ കണ്ണുകള്‍ മാത്രം കാണിച്ചുവന്ന ശിവദ. സണ്ണിയുടെ സംഗീതസിദ്ധിയെക്കുറിച്ച് അവര്‍ കൊടുത്ത അഭിനന്ദനം... ഇവയിലൂടെയൊക്കെയാണ് അയാള്‍ ഉയിര്‍ത്തെഴുന്നേറ്റത്. ക്വാറന്റൈന്‍ ഏകാന്തതയിലേക്ക് തനിക്കൊരു മകന്‍ പിറന്നുവെന്ന സുഹൃത്തിന്റെ ഫോണ്‍വിളിയെത്തുമ്പോള്‍ അയാള്‍ ആനന്ദത്തിന്റെ ചിറകേറിത്തുടങ്ങി. കൊവിഡ് പോസിറ്റീവ് ആയി ആരോഗ്യപ്രവര്‍ത്തകരുടെ ആംബുലന്‍സ് വന്ന് സണ്ണിയെ കൊണ്ടുപോകുന്നു. എവിടെയെന്നറിയാത്ത ഏതോ കൊവിഡ് ശുശ്രൂഷാകേന്ദ്രത്തിലേക്കുള്ള ആ യാത്രയിലാണ് ഡിവോഴ്‌സിനു നിര്‍ബന്ധിച്ച ഭാര്യ അയാളെ വിളിക്കുന്നത്: 'നമ്മുടെ മോന്‍ അവന്റെ അച്ഛനെ അന്വേഷിക്കുന്നു; വീട്ടിലേക്കു വരണം' എന്ന സ്‌നേഹക്ഷണത്തിന്റെ ആനന്ദത്തേരിലേറി സണ്ണി യാത്ര തുടരുന്നു. ജീവിതം വെറുതേ തീരുന്നില്ല. കൊളുത്തിവച്ച സ്‌നേഹത്തിന്റെ ദീപങ്ങള്‍ നമുക്കു പ്രകാശം തരും എന്ന സന്ദേശത്തോടെ സിനിമ അവസാനിക്കുന്നു.
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഈ ചിത്രത്തിന് ജയസൂര്യയുടെ നൂറാമത്തെ പ്രോജക്ട് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത് ശങ്കര്‍. നിര്‍മ്മാണം - ഡ്രീംസ്'ന്‍ ബിയോണ്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്.  

 

Login log record inserted successfully!