•  28 Mar 2024
  •  ദീപം 57
  •  നാളം 4
വചനനാളം

സഭയ്‌ക്കൊപ്പം സഞ്ചരിക്കാം

ജീവിതം സുവിശേഷമായി ഇനിയും പരിണമിക്കാത്തതുകൊണ്ടല്ലേ അതില്‍ സുവാര്‍ത്തകളുടെ സംഖ്യ കുറയുന്നതും ദുര്‍വൃത്താന്തങ്ങളുടെ പട്ടിക നീളുന്നതും? നമ്മുടേതായ ജീവിതാന്തസ്സുകളില്‍ നാം സുവിശേഷപ്രവര്‍ത്തകരാകുമ്പോള്‍ നമ്മുടെ ജീവിതംതന്നെ സവിശേഷമായ സുവിശേഷപ്രസംഗമാകും. വാക്കുകള്‍കൊണ്ടുള്ളതിനെക്കാള്‍ വര്‍ത്തനങ്ങള്‍ കൊണ്ടുള്ള സാക്ഷ്യത്തിനാണ് കൂടുതല്‍ സ്വീകാര്യതയും സ്വാധീനശേഷിയും.

സമര്‍പ്പണത്തിന്റെയും സാഹോദര്യത്തിന്റെയും അങ്ങേയറ്റങ്ങളിലേക്കാണ് നസ്രായന്റെ കുരിശഗ്രങ്ങള്‍ നീളുന്നത്. വിധേയത്വത്തിന്റെ വിശൈ്വകചിഹ്നമായി വിശുദ്ധ സ്ലീവാ ഇന്നും വിളങ്ങിനില്ക്കുന്നു. അതുകൊണ്ടുതന്നെ അതില്‍ ആത്യന്തികമായ വിമോചനമുണ്ട്. കഴുമരത്തോളം ഉയരാന്‍ തൊഴുത്തോളം താഴ്ന്നവനെ അനുസരണത്തിന്റെ ആദ്യവേദമാക്കാനും അവന്റെ സഖിയായ സഭയോട് ആദരവും കൂറുമുള്ളവരായി വര്‍ത്തിക്കാനുമുള്ള പ്രചോദനം വചനവായനകളിലുണ്ട്.
ഒന്നാം വായനയിലെ ചിന്തകള്‍ ഗെരിസിം, ഏബോല്‍ എന്ന പേരുകളുള്ള ഗിരിയിണകളെ വലയം ചെയ്യുന്നു. ആദ്യത്തേത് അനുഗ്രഹത്തിന്റെയും രണ്ടാമത്തേത് അനര്‍ത്ഥത്തിന്റെയും ഔന്നത്യമാണ്. ഇവയില്‍ ഏതു കൈവശമാകുമെന്നത് ദൈവകല്പനകളോടുള്ള മനുഷ്യന്റെ മനോഭാവത്തെ ആശ്രയിച്ചാണിരിക്കുക. പ്രമാണപാലനം രക്ഷയിലേക്കും ലംഘനം ശിക്ഷയിലേക്കും നയിക്കും. ശാപം വിളിച്ചുവരുത്താതിരിക്കാന്‍ വിധേയത്വത്തിന്റെ വഴിയേ നടക്കണമെന്നുള്ള  ശക്തമായ താക്കീതാണിത്. നമ്മുടെ കാലടികള്‍ ഇവയില്‍ ഏതു മലയടിവാരത്തിലേക്കാണു നാളിന്നോളം നീങ്ങിക്കൊണ്ടിരിക്കുന്നത്? ഓര്‍ക്കണം, ഏബോനില്‍ എത്തേണ്ടവയല്ല, പിന്നെയോ, ഗെരിസിമിന്റെ വരശൃംഗങ്ങളെ കീഴടക്കേണ്ടവയാണ് ദൈവമക്കളുടെ ജീവിതപ്രയാണങ്ങള്‍.
 രണ്ടാം വായനയിലെ ചിന്തകള്‍ വിശ്വസിക്കുന്നവര്‍ക്കു വിമോചനം വിദൂരമല്ല എന്ന വലിയൊരു ആശ്വാസം അരുളുന്നവയാണ്. കാക്കാന്‍ കരുത്തുള്ളവന്റെ കരങ്ങളെ മുറുകെപ്പിടിക്കുന്നവര്‍ മോചനത്തിന്റെ മധുരം നുകരും. തന്നിഷ്ടക്കാര്‍ തല തല്ലിത്തകരും. ഉണ്‍മയുടെ ഉറവിടമായവന്‍ ഉറ്റവരെ ഉപേക്ഷിക്കില്ല. പരിത്രാണത്തെക്കുറിച്ചുള്ള പ്രത്യാശയുടെ പ്രകാശത്തില്‍ ചരിക്കുന്നവര്‍ക്ക് 'പാദങ്ങള്‍ പാതയില്‍ സ്പര്‍ശിക്കാത്തവന്റെ' സംരക്ഷണം സുനിശ്ചിതമാണ്. വിശുദ്ധവചനങ്ങള്‍ വച്ചുനീട്ടുന്ന ഇത്തരം ഉറപ്പുകളില്‍ ഉപാധികളില്ലാതെ വിശ്വസിക്കാന്‍ നമുക്കാവുന്നുണ്ടോ? അവയോരോന്നും ഏതെങ്കിലുംവിധത്തില്‍ നമ്മുടെ വ്യക്തിജീവിതത്തെ സ്പര്‍ശിക്കുന്നുണ്ടോ? ഇല്ലെങ്കില്‍, വിനാശത്തിന്റെ ഭീതി ഒരിക്കലും നമ്മെ വിട്ടുമാറില്ലെന്നു സ്പഷ്ടം.
മൂന്നാം വായനയിലെ ചിന്തകള്‍ ആഗോളസഭ ആചരിക്കുന്ന മിഷന്‍ ഞായറിന്റെ പശ്ചാത്തലത്തില്‍ ജീവിതദുരിതങ്ങളെ ദൂരെയകറ്റാനുള്ള ഒറ്റമൂലിയെപ്പറ്റിയുള്ളവയാണ്. അനുദിനജീവിതം 'അഞ്ചാം സുവിശേഷം' ആക്കി മാറ്റുക എന്നതാണത്. ഇതു ക്രിസ്തുശിഷ്യത്വത്തിന്റെ കേവലമൊരു കടമയല്ല, കാതലാണ്. ജീവിതം സുവിശേഷമായി ഇനിയും പരിണമിക്കാത്തതുകൊണ്ടല്ലേ  അതില്‍ സുവാര്‍ത്തകളുടെ സംഖ്യ കുറയുന്നതും ദുര്‍വൃത്താന്തങ്ങളുടെ പട്ടിക നീളുന്നതും? നമ്മുടേതായ ജീവിതാന്തസ്സുകളില്‍ നാം സുവിശേഷപ്രവര്‍ത്തകരാകുമ്പോള്‍ നമ്മുടെ ജീവിതംതന്നെ സവിശേഷമായ സുവിശേഷപ്രസംഗമാകും. വാക്കുകള്‍കൊണ്ടുള്ളതിനെക്കാള്‍ വര്‍ത്തനങ്ങള്‍കൊണ്ടുള്ള സാക്ഷ്യത്തിനാണ് കൂടുതല്‍ സ്വീകാര്യതയും സ്വാധീനശേഷിയും. വീട്ടുവളപ്പിലും കര്‍മരംഗങ്ങളിലും വ്യക്തിബന്ധങ്ങളിലും ജീവിതഗന്ധികളായ സകലയിടങ്ങളിലും വരയ്ക്കപ്പെടാത്ത ക്രിസ്തുരൂപവും രചിക്കപ്പെടാത്ത സുവിശേഷവുമായി മാറാന്‍ ഓരോ ക്രിസ്ത്യാനിക്കും കഴിയുമ്പോള്‍ സഭയുടെ സുവിശേഷവത്കരണദൗത്യം സ്വമേധയാ അതിന്റെ സമ്പൂര്‍ണതയിലെത്തും.
സുവിശേഷത്തിലെ ചിന്തകള്‍ പന്തിരുവരുടെ 'നിയമനം', 'നിയോഗം' എന്നിവയെക്കുറിച്ചാണ്. കര്‍ത്താവ് അവരെ തന്റെയടുത്തേക്കു വിളിക്കുന്നത് അകലേക്ക് അയയ്ക്കുന്നതിനുവേണ്ടിയാണ്. 'ക്രിസ്ത്യാനി' എന്നുള്ള വിളിപ്പേരിനാല്‍ത്തന്നെ നാമോരോരുത്തരും അയയ്ക്കപ്പെടുന്നവരാണ്. മൂന്നു കാര്യങ്ങളാണ് അവിടുന്ന് അവരോട് ആവശ്യപ്പെടുന്നത്. 1. പോകുക. 2. പ്രഘോഷിക്കുക 3. പ്രവര്‍ത്തിക്കുക. 'നഷ്ടപ്പെട്ടവയെ നേടുക' എന്ന ലക്ഷ്യമാണ് ഇവയ്ക്കുള്ളത്. ആധുനികകാലഘട്ടത്തില്‍ അടിയന്തരമായി സഭയ്ക്കുള്ളില്‍ സംഭവിക്കേണ്ട സുവിശേഷവത്കരണത്തെയാണ് ഇതോര്‍മിപ്പിക്കുന്നത്.
ഒന്നാമതായി, ബഹുവിധ കാരണങ്ങളാല്‍ ക്രൈസ്തവവിശ്വാസം ക്ഷയിച്ചും ഉപേക്ഷിച്ചും കഴിയുന്ന 'നഷ്ടസന്തതികളെ' സഭാഗാത്രത്തിലേക്കു തിരികെയെത്തിക്കാനും, അവര്‍ക്കേറ്റ ആന്തരികക്ഷതങ്ങളെ കരുണാപുരസ്സരം സുഖപ്പെടുത്താനും നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ സഗൗരവം ശ്രദ്ധിക്കണം.
രണ്ടാമതായി, സഭാംഗങ്ങളുടെ 'നഷ്ടനൈര്‍മല്യം' തിരികെപ്പിടിക്കണം. പുറത്താക്കപ്പെടേണ്ട പല പൈശാചികപ്രവണതകളും സഭയ്ക്കുള്ളിലുണ്ട്. അര്‍പ്പിത, അല്മായ ജീവിതാന്തസ്സുകളില്‍ ലൗകികസുഖങ്ങളോടും വസ്തുക്കളോടുമൊക്കെ കൂടിവരുന്ന ആസക്തി അശുദ്ധിയുടെ വ്യാപനത്തിനു വലിയൊരു പരിധിവരെ കാരണമാകുന്നുണ്ട്. വിശുദ്ധിക്കു വിഘാതമായി  നില്ക്കുന്ന സകല 'വിഗ്രഹങ്ങ'ളെയും തച്ചുടയ്ക്കാനും ആത്മശരീരപവിത്രതയുടെ പാതയിലൂടെ നടക്കാനുമായി പുതിയൊരു പന്തക്കുസ്താനുഭവം സഭയില്‍ അനിവാര്യമാണ്.
മൂന്നാമതായി, സഭാതനയരുടെ 'നഷ്ടസാഹോദര്യം' വീണ്ടെടുക്കണം. അന്തശ്ഛിദ്രം ആപത്കരമാണ്. ചൂലു ചെറുതാണെങ്കിലും കെട്ട് കട്ടായമുണ്ടാകണം. സഭയുടെ വിവിധ തലങ്ങളിലുള്ള ഏകോപനം ലക്ഷ്യമാക്കിക്കൊണ്ട് സഭാധികാരികളും സിനഡുമൊക്കെ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളോടും മാറ്റങ്ങളോടും സഭാമക്കള്‍ സര്‍വാത്മനാ സഹകരിച്ചേ മതിയാകൂ. ദൈവത്തോടും ദൈവികപ്രതിനിധികളോടുമുള്ള അനുസരണത്തിന്റെ ആദ്യപാഠങ്ങള്‍ കുടുംബപുസ്തകത്തില്‍നിന്നാണ് നാം അഭ്യസിക്കേണ്ടത്. 'സഭയ്‌ക്കൊപ്പം സകുടുംബം' എന്ന മനോഭാവം ക്രിസ്തീയഭവനങ്ങളില്‍ വളരണം. സഭയുടെ പ്രേഷിതസംരംഭങ്ങളില്‍ സാധ്യമായ വിധത്തില്‍ കുടുംബാംഗങ്ങള്‍ പങ്കാളികളാകണം.
വിശുദ്ധസഭയില്‍ വിഭാഗീയതയുടെ വിത്തുവിതയ്ക്കാനും വീഴ്ചകളെ പരമാവധി മുതലെടുത്തുകൊണ്ട് സഭാംഗങ്ങളെ തമ്മില്‍ത്തല്ലിക്കാനും സഭയുടെ പ്രവര്‍ത്തനങ്ങളെ തളര്‍ത്താനും മതസ്പര്‍ദ്ധയ്ക്കു തീകൊളുത്താനുമായി  മുട്ടാടുകളെ കൂട്ടിയിടിപ്പിച്ച് നടുക്കിരുന്ന് കട്ടച്ചോര നക്കിക്കുടിച്ച, പറഞ്ഞു മറന്ന പഴയ കുട്ടിക്കഥയിലെ കാട്ടുകുറുക്കന്റെ പിന്‍തലമുറക്കാര്‍ തക്കംപാര്‍ക്കുന്നുണ്ടെന്ന വസ്തുത ക്രിസ്ത്യാനികള്‍ വിസ്മരിക്കരുത്. തങ്ങളുടെ ആത്മീയസന്താനങ്ങളുടെ വിശ്വാസജീവിതത്തെ അപായപ്പെടുത്തുന്ന സാമൂഹികവിപത്തുകളെക്കുറിച്ച് മതാധ്യക്ഷന്മാര്‍ സമയോചിതമായി നല്കുന്ന മുന്നറിയിപ്പുകളും പ്രബോധനങ്ങളും അവരുടെ ധാര്‍മികാധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ഭാഗമായി പരിഗണിച്ച് അവരെ പിന്തുണയ്‌ക്കേണ്ടത് ക്രൈസ്തവരുടെ കര്‍ത്തവ്യമാണ്. സ്വഭാവത്താല്‍ പ്രേഷിതയായി ഇന്നും തുടരുന്ന സാര്‍വത്രികസഭയോടു ചേര്‍ന്നുനിന്നുകൊണ്ടും അവളുടെ പാണീപാദങ്ങളായി പരിണമിച്ചുകൊണ്ടും നമ്മുടെ ക്രിസ്തീയവിശ്വാസജീവിതങ്ങളെ നടപടിപ്പുസ്തത്തിന്റെ തുടരധ്യായങ്ങളാക്കി തുന്നിച്ചേര്‍ക്കാം. സഭാഗാത്രത്തിന്റെ നിറവുകളും കുറവുകളും നാമോരോരുത്തരുടെയുമാണ് എന്ന തിരിച്ചറിവോടെ 'പതിമൂന്നാം അപ്പസ്‌തോലനാ'യി സഭയ്‌ക്കൊപ്പം സദാ സഞ്ചരിക്കാം.

 

Login log record inserted successfully!