•  18 Apr 2024
  •  ദീപം 57
  •  നാളം 6
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

പുറപ്പന്താനത്തെ സ്‌നേഹപ്പൂവാടിയില്‍ പൂക്കള്‍ അഞ്ച്

മീര നല്ലൊരു തുന്നല്‍ക്കാരിയാണ്. കുഞ്ഞുടുപ്പുകളുടെ സ്വന്തം ഡിസൈനര്‍. ജീവിതം നീട്ടിത്തന്ന തൂവാലയില്‍ ഓരോരോ ഇതളുകളായി മീര തുന്നിപ്പിടിപ്പിച്ചത് ഒന്നും രണ്ടുമല്ല, അഞ്ചു പൂക്കളാണ്. റ്റിയാ, റ്റിസാ, റ്റിനു, ജോസു, എല്‍സാ.
''ഓരോ പ്രാവശ്യവും പ്രസവത്തിനു ഹോസ്പിറ്റലിലേക്കു പേടിച്ചുവിറച്ചാണു പോകുന്നത്. പേടികൊണ്ടെന്റെ പ്രഷര്‍ കൂടും, തല കറങ്ങും. വീണ്ടും ബോധം തെളിയും, പിന്നെയും വീഴും. ഇങ്ങനെ നീളമേറിയ ഒരു പ്രോസസ് ആണെനിക്ക് ഓരോ പ്രസവവും. ഓര്‍ക്കുമ്പംതന്നെ എനിക്കു പേടിയാ. ശ്ശോ, എന്നാലും കുഞ്ഞുങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാ.''
''ഞങ്ങള്‍ രണ്ടുപേരും വീടു നിറയെ കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചവരാണ്. രണ്ടും മൂന്നും മക്കളുള്ള കുടുംബത്തില്‍ വളര്‍ന്നവരാണ് ഞങ്ങള്‍ രണ്ടുപേരും. എന്റെ വല്യമ്മച്ചിയുടെ വീട്ടില്‍ ഒത്തിരി മക്കളുണ്ട്. കുട്ടിക്കാലത്തെപ്പോഴും ഞാനവിടെയായിരുന്നു. ഒത്തിരി മക്കളുള്ള സന്തോഷം അവിടുന്നു ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. മൂന്നാമത്തെ കുഞ്ഞിനുശേഷം ''വേറെ പണിയൊന്നുമില്ലേ?'' മട്ടിലുള്ള ഒത്തിരി കമന്റുകള്‍ കേട്ടിട്ടുണ്ട്. എനിക്കൊരു വിഷമവും തോന്നാറില്ല. മക്കളെ ദൈവം തരുന്നതല്ലേ? ഇല്ലാത്തവരുടെ ദുഃഖവും നമ്മള്‍ കാണുന്നതല്ലേ?'' അമ്പാറനിരപ്പേല്‍ ''പുറപ്പന്താനം'' വീട്ടിലെ സന്തോഷത്തെപ്പറ്റി പറയുമ്പോള്‍ ജിയോയുടെ സംസാരത്തിലും അതിന്റെ തരികള്‍ തിളങ്ങുന്നുണ്ട്.
''മീരയുടെ അപ്പച്ചനൊക്കെ പന്ത്രണ്ടു മക്കളാണ്. അമ്മയുടെ വീട്ടില്‍ എട്ടു മക്കളും. ഹോംസയന്‍സില്‍ ബിരുദാനന്തരബിരുദമുണ്ട് മീരയ്ക്ക്. ''വിസ്‌കാറില്‍'' ഡിസൈനറായി ജോലി ചെയ്തിരുന്നു വിവാഹത്തിനുമുമ്പ്. ഇപ്പോള്‍ വീട്ടിലിരുന്ന് 'ഡിസൈന്‍' ചെയ്യുകയാണ്. ഞങ്ങളുടെ കുടുംബത്തെ, കുഞ്ഞുങ്ങളെ, എല്ലാം... മീരയങ്ങനെ പരാതികളൊന്നും പറയാറില്ല. ചിരിച്ചുകൊണ്ട് കൂടെ നില്‍ക്കും, എപ്പോഴും...'' ഈരാറ്റുപേട്ട പുറപ്പന്താനം ഗിഫ്റ്റ് ഹൗസ് ഉടമയ്ക്ക് തനിക്കു കിട്ടിയ ഗിഫ്റ്റുകളെപ്പറ്റി പറയുമ്പോള്‍ നൂറു നാവാണ്. പല ദാമ്പത്യങ്ങളുടെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ ''യുദ്ധം ചെയ്യലും സമാധാനം തേടലും'' മാത്രമായി ചുരുങ്ങുമ്പോള്‍ ജിയോയും മീരയും പരിഭവങ്ങളില്ലാതെ തങ്ങളുടെ പായ്ക്കപ്പലില്‍ ശാന്തമായി മുന്നോട്ടു നീങ്ങുകയാണ്.
''ഓരോ ദിവസത്തിന്റെയും കൈപിടിച്ച് ചെറിയ ചെറിയ ഓരോരോ ആധികളും ആകുലതകളും കടന്നുവരും, പക്ഷേ, വൈകുന്നേരമാകുമ്പോഴേക്കും അതെല്ലാം തനിയേ നടന്നുപോയിട്ടുണ്ടാവും. 'എന്റെ മാതാവേ', എന്ന് ഇടയ്ക്കിടെ വിളിച്ചുപ്രാര്‍ത്ഥിക്കും. പാത്രം കഴുകുമ്പോഴും, പാചകം ചെയ്യുമ്പോഴും, മക്കളെ ഊട്ടുമ്പോഴുമെല്ലാം. ചിലപ്പോള്‍ ബാത്ത്‌റൂമിലെ ബക്കറ്റില്‍ നിറഞ്ഞിരിക്കുന്ന വെള്ളം, സൈക്കിളില്‍നിന്നൊരു വീഴ്ച, ഭിത്തിയോരം മറഞ്ഞിരിക്കുന്ന ഒരു കുഞ്ഞുപാമ്പ്... ഇങ്ങനെയിങ്ങനെ...'' ഒരമ്മയുടെ ആകുലതകള്‍ക്കുണ്ടോ ആദിയും അന്തവും?
''കുഞ്ഞുങ്ങളെ ഇരുത്തി ഒത്തിരി പ്രാര്‍ത്ഥിപ്പിക്കാനൊന്നും സമയം കിട്ടാറില്ല. മക്കളോടു പറയും, ഈശോയാണ് നമ്മുടെ ഏറ്റവും നല്ല കൂട്ടുകാരന്‍, എപ്പോഴും  ആ കൈയില്‍ പിടിച്ചോണം. എല്ലാക്കാര്യങ്ങളും ഈശോയോടു പറഞ്ഞിട്ടു മാത്രമേ ചെയ്യാവൂ എന്നൊക്കെ. 'ഓ, ഇങ്ങനെയൊരു ഉപദേശിയമ്മ' എന്നൊക്കെപ്പറഞ്ഞ് അവരെന്നെ കളിയാക്കും. കുഞ്ഞിലേ എന്റെ അമ്മ പറഞ്ഞുതന്നതൊക്ക ഞാനിപ്പോഴും ഓര്‍മിക്കുന്നുണ്ടെങ്കില്‍, അവരും വലുതാവുമ്പോള്‍ ഇതൊക്കെ ഓര്‍മിക്കുകതന്നെ ചെയ്യും എന്ന് ഞാനങ്ങു വിശ്വസിക്കും.''  മീരയുടെ വിശ്വാസത്തിനു പാമ്പന്‍പാലത്തിന്റെ ഉറപ്പാണ്. ''കുരിശു വരയ്ക്കുമ്പോള്‍ ചിലപ്പോള്‍ അപ്പച്ചനും അമ്മച്ചിക്കും കുട്ടിപ്പട്ടാളത്തിന്റെ മേളംകൊണ്ട് ബുദ്ധിമുട്ടുണ്ടാവാറുണ്ട്. എന്നാലും ഒരു ദിവസംപോലും കുടുംബപ്രാര്‍ത്ഥന മുടക്കാറില്ല.''
''മൂത്തമോള്‍ റ്റിയാ ഏഴാംക്ലാസിലാണ്. പാചകത്തിനും കുഞ്ഞുങ്ങളെ നോക്കാനുമൊക്കെ അവള്‍ മിടുക്കിയാണ്. ടിനു എല്ലായിടവും വൃത്തിയാക്കുമ്പോള്‍ ടിസ കൂടെക്കൂടും. ചേച്ചിമാരുടെ കുഞ്ഞുവഴക്കുകള്‍ക്ക് മാദ്ധ്യസ്ഥ്യം പറയുന്നത് ജോസുവാണ്. ഒരു വയസ്സുകാരിയെ ഇവരെല്ലാം ചേര്‍ന്നങ്ങ് നോക്കിക്കൊള്ളും. അപ്പച്ചന്റേം (പാപ്പച്ചന്‍) അമ്മച്ചീടേം (മറിയമ്മ) കൂടെ മുറ്റത്തും പറമ്പിലുമെല്ലാം  കറങ്ങിനടക്കാനും അവര്‍ക്കിഷ്ടമാണ്. ഇതിനിടയില്‍ ഞാന്‍ കുഞ്ഞുടുപ്പുകള്‍ തയ്ക്കും, അതില്‍ പൂക്കള്‍ തുന്നും, മറ്റുള്ളവര്‍ക്കു കൊടുക്കാനും പറ്റുന്നുണ്ട്.''
പൂക്കളുടെയിടയില്‍ തുന്നിപ്പിടിപ്പിക്കുന്ന പച്ചനിറമുള്ള കുഞ്ഞിലകള്‍പോലെ ഓരോ വാക്കുകള്‍ക്കിടയിലും ചിരിയുടെ കുഞ്ഞലകള്‍ വിരിയിച്ചാണ് മീരയുടെ സംസാരം.
''അഞ്ചാമത്തെ കുഞ്ഞിന് ഡൗണ്‍സിന്‍ഡ്രോമിനുള്ള സാധ്യത ഡോക്‌ടേഴ്‌സ് പറഞ്ഞിരുന്നു. പക്ഷേ, അബോര്‍ഷന് ഞങ്ങള്‍ സമ്മതിച്ചില്ല. ഈശോ തരുന്നതങ്ങനെയാണെങ്കില്‍ ആ കുഞ്ഞിനു ചേരുന്ന അപ്പനും അമ്മയുമാക്കി ഞങ്ങളെ മാറ്റണേയെന്ന് ഒന്‍പതുമാസവും പ്രാര്‍ത്ഥിച്ചു. ഇതുവരെ ഒരു കുഴപ്പവുമില്ലാതെ, കുഞ്ഞിപ്പൂമ്പാറ്റയെപ്പോലെ അവള്‍ ചിറകുവിരിക്കുന്നതു കാണുമ്പോള്‍ കൈകൂപ്പി നന്ദി പറയാതെങ്ങനെയാണ്? അല്ലെങ്കില്‍ത്തന്നെ സമ്മാനങ്ങള്‍ ആര്‍ക്കാണിഷ്ടമില്ലാത്തത്? ഇനിത്തന്നാലും ഞങ്ങള്‍ സ്വീകരിക്കും.'' മീര ചിരിച്ചുകൊണ്ടു നിര്‍ത്തി.
ആവശ്യമുള്ളപ്പോള്‍ കിട്ടാതെ പോകുന്ന ഒന്നിന്റെ പേര് എന്താണെന്നു ചോദിച്ചാല്‍ എല്ലാക്കാലത്തും ഉത്തരം 'സ്‌നേഹം' എന്നുതന്നെയാണ്. പക്ഷേ, പുറപ്പന്താനത്തെ ഈ പുരയിടത്തില്‍ അതാവോളം ശ്വസിച്ചും രുചിച്ചും ജീവിക്കയാണ് ജിയോയും മീരയും കുഞ്ഞുമക്കളും.

 

Login log record inserted successfully!