•  28 Mar 2024
  •  ദീപം 57
  •  നാളം 4
ശ്രേഷ്ഠമലയാളം

വിടവഴക്കം

ദ്യോഗികപദവികളില്‍നിന്നു വിരമിക്കുന്നവര്‍ക്ക് യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗരിമയനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ ഇളമുറക്കാര്‍ നടത്തുന്നു. അതിനായി തയ്യാറാക്കുന്ന നോട്ടീസുകളില്‍ ''യാത്ര അയപ്പ്'' എന്നു സമാസിക്കാതെ എഴുതുന്ന പ്രവണത കണ്ടുതുടങ്ങിയിരിക്കുന്നു. യാത്ര + അയപ്പ്, സന്ധി ചെയ്ത് യാത്രയയപ്പ് എന്നു ചേര്‍ത്തെഴുതണം. സന്ധിയില്‍ രണ്ട് യകാരം അടുത്തുവരുന്നതിലെ സുഖക്കുറവ് ഒഴിവാക്കാനായിരിക്കാം ''യാത്ര അയപ്പ്'' എന്ന് എഴുതാന്‍ കാരണമായിത്തീര്‍ന്നത്. യാത്ര സംസ്‌കൃതവും അയപ്പ് മലയാളവും ആയത് മറ്റൊരു ഹേതുവാകാം. 'യാത്ര അയപ്പ്' എന്നെഴുതുന്നത് നിലവിലുള്ള നിയമത്തെ ശിഥിലമാക്കലാണ്. അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
യാത്രയയപ്പ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു നിറം മങ്ങിയ ഒരു പദപ്രയോഗമായി മാറിക്കഴിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തത്തുല്യമായ മറ്റൊരു പദം കണ്ടെത്തുന്നത് നല്ലതായിരിക്കും. വിട എന്നൊരു പച്ചമലയാളപദമുണ്ട്. പോകാനുള്ള സമ്മതമെന്ന് അവയവാര്‍ത്ഥം. കൂടാതെ, യാത്രാനുവാദം, യാത്രപറയല്‍, വലിയവരോടു പോകാന്‍ വാങ്ങുന്ന അനുവാദം തുടങ്ങിയ അര്‍ത്ഥങ്ങളിലും 'വിട'യ്ക്കു പ്രയോഗമുണ്ട്. (വിടവ് എന്ന അര്‍ത്ഥവും വിടയ്ക്ക് ഉണ്ട്.). വിട എന്ന നാമത്തോട് വഴങ്ങുക എന്ന ക്രിയയുടെ ഭാവനാമമായ വഴക്കം ചേര്‍ത്ത് വിടവഴക്കം എന്നൊരു കൂട്ടുപദത്തെ സൃഷ്ടിക്കാം. പോകാന്‍ അനുവാദം വാങ്ങലാണ് വിടവഴക്കം (വിടവാങ്ങല്‍). വിടയ്ക്ക് വഴങ്ങല്‍ എന്നും പറയാം.* വിടവഴക്കം അപരിചിതപദമല്ലേ എന്ന് ആദ്യമൊക്കെ തോന്നാം. എന്നാല്‍, ശരിയായ സന്ദര്‍ഭത്തില്‍ പലതവണ പ്രയോഗിച്ചുകഴിയുമ്പോള്‍ വിടവഴക്കം താനേ പരിചിതമായിക്കൊള്ളും. ഇങ്ങനെയൊക്കെയാണല്ലോ ഓരോ ഭാഷയിലും പദസമ്പത്ത് വര്‍ദ്ധിക്കുന്നത്. വിടവഴക്കം പച്ചമലയാളം ആണെന്നൊരു മെച്ചവും ഉണ്ട്.
* സുമംഗല, പച്ചമലയാളം നിഘണ്ടു, ഗ്രീന്‍ ബുക്‌സ്, തൃശൂര്‍, 2016, പുറം - 1132.

 

Login log record inserted successfully!